സർവീസിലുള്ള അധ്യാപകർക്കായി പ്രത്യേക കെ-ടെറ്റ് പരീക്ഷ നടത്താൻ സർക്കാർ

 



തിരുവനന്തപുരം: സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ, സർവീസിലുള്ള അധ്യാപകർക്കും കെ-ടെറ്റ് യോഗ്യത നേടാൻ പ്രത്യേക പരീക്ഷയുമായി സർക്കാർ. ഫെബ്രുവരിയിൽ ഈ പരീക്ഷ നടത്താനാണ് തീരുമാനം. തീയതി പിന്നീട് അറിയിക്കും. ടെറ്റ് യോഗ്യതയില്ലാത്തതിനാൽ, സംസ്ഥാനത്തെ അരലക്ഷത്തിലേറെ അധ്യാപകർ തൊഴിൽഭീഷണി നേരിടുന്നതിനാൽ പ്രത്യേക പരീക്ഷ ആവശ്യപ്പെട്ട് കെഎസ്ടിഎ ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു.




2009-ലെ വിദ്യാഭ്യാസ അവകാശ നിയമ(ആർടിഇ)ത്തിലാണ് അധ്യാപക യോഗ്യതയായി കെ-ടെറ്റ് നിഷ്കർഷിച്ചത്. ഈ നിയമം വരുന്നതിനുമുൻപ്‌ ജോലിയിൽ പ്രവേശിച്ചവരും ടെറ്റ് നേടണമെന്നാണ് സുപ്രീംകോടതിവിധി. അഞ്ചു വർഷത്തിലേറെ സർവീസുള്ള രാജ്യത്തെ മുഴുവൻ അധ്യാപകരും 2027 സെപ്‌റ്റംബർ ഒന്നിനുമുൻപ്‌ ടെറ്റ് യോഗ്യത നേടണമെന്നാണ് വിധി. ഇല്ലെങ്കിൽ അധ്യാപകരെ സർവീസിൽനിന്നു പുറത്താക്കണമെന്നും നിർദേശിച്ചു.2011-ലാണ് കേരളത്തിൽ ആർടിഇ നടപ്പാക്കിയത്. 2012 മുതൽ കെ-ടെറ്റ് നിർബന്ധമാക്കി. സർക്കാർ ഇളവനുവദിച്ചതിനാൽ 2012-നുമുൻപ്‌ ജോലിയിൽ പ്രവേശിച്ചവർ ടെറ്റ് എഴുതിയിരുന്നില്ല.സുപ്രീംകോടതിവിധി വന്നതോടെ, ഇവർക്കെല്ലാം തൊഴിൽഭീഷണി വന്നു. ഈ പശ്ചാത്തലത്തിലാണ് ഫെബ്രുവരിയിലെ പ്രത്യേക പരീക്ഷ.